ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതലുള്ള പത്തു വർഷത്തിനിടെ സ്ത്രീകൾക്കെതിരായ 42,85,888 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കോണ്ഗ്രസ്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും പത്തു ദളിത് സ്ത്രീകൾ എല്ലാ ദിവസവും രാജ്യത്തു ബലാത്സംഗം ചെയ്യപ്പെടുകയാണെന്നും മഹിളാ കോണ്ഗ്രസ് അധ്യക്ഷയും കോണ്ഗ്രസ് പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമായ അൽക്ക ലാംബ ഡൽഹിയിലെ കോണ്ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉയർന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ "ബേട്ടീ ബച്ചാവോ' മുദ്രാവാക്യം വെറും പൊള്ളയാണെന്ന് അൽക്ക കുറ്റപ്പെടുത്തി സ്ത്രീയെ വന്ദിക്കണം (നാരീ വന്ദൻ) എന്ന മുദ്രാവാക്യം വെറുമൊരു രാഷ്ട്രീയ മുദ്രാവാക്യമായി ബിജെപി ഉപയോഗിക്കുകയാണെന്നും അവരുടെ സ്വാധീനമുള്ള നേതാക്കളെ ശിക്ഷയിൽനിന്ന് സംരക്ഷിക്കുകയാണെന്നും അൽക്ക ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു പ്രായപൂർത്തിയാകാത്ത പെണ്കുട്ടി ഉൾപ്പെട്ട കൂട്ടബലാത്സംഗ കേസിൽ ബിജെപി നേതാവുൾപ്പെടെ മൂന്നുപേർ എഫ്ഐആറിലുണ്ടായിരുന്നുവെന്നും എന്നാൽ പോലീസ് അതിജീവിതയുടെ കുടുംബത്തിൽ സമ്മർദം ചെലുത്തി ഒത്തുതീർപ്പിനു ശ്രമിച്ചെന്നും മഹിളാ കോണ്ഗ്രസ് നേതാവ് ആരോപിച്ചു.
പ്രതിക്കെതിരേ നടപടിയെടുക്കുന്നതിനു പകരം പോലീസ് അതിജീവിതയുടെ പിതാവിനെ കസ്റ്റഡിയിലെടുക്കുകയും ആരെയും കാണുന്നതിൽനിന്ന് അതിജീവിതയെ തടയുകയുമായിരുന്നു.
ബിൽക്കിസ് ഭാനു കേസിൽ കണ്ട "ഗുജറാത്ത് മോഡൽ' രാജ്യമെന്പാടും ഇപ്പോൾ വ്യാപിക്കുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എൻസിആർബി ഡാറ്റ ചർച്ച ചെയ്യണമെന്നും സർക്കാർ കുറ്റകൃത്യത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല എത്ര അതിജീവിതർക്കു നീതി ലഭിച്ചുവെന്ന കണക്കുകൂടി പുറത്തുവിടണമെന്നും അൽക്ക ലാംബ ആവശ്യപ്പെട്ടു.